നാലമ്പല ദര്‍ശനം

പേരിലും, പെരുമയിലും പ്രസിദ്ധമായ രാമമംഗലത്ത് രാമായണത്തിന്‍റെ നടവഴികളിലൂടെ പ്രയാണം ചെയ്ത്, കര്‍ക്കിടക പുലരിയില്‍ -ശ്രീരാമ പാദസ്പര്‍ശത്താല്‍ പവിത്രമായ മാമ്മലശ്ശേരിയിലെത്തുമ്പോള്‍, പൂണ്ണ്യവും, ഐശ്വര്യദായകവുമായ നാലമ്പല ദര്‍ശനം തുടങ്ങുകയായി.

അനേകം ജന്മങ്ങള്‍ താണ്ടി ജീവചക്രമുരുളുമ്പോള്‍ പുനര്‍ജന്മങ്ങളില്‍നിന്നും മുക്തിനേടി പരബ്രഹ്മ പാദത്തിലലിയുവാന്‍ ത്രൈലോക്യനാഥന്‍ കല്‍പ്പിച്ചു നല്‍കിയ പുണ്ണ്യമാണ് വിവേകപൂര്‍ണ്ണമായ മനുഷ്യജന്മം. സത്കര്‍മ്മങ്ങള്‍ ചെയ്ത്, ഈശ്വരചിന്തയോടെ, ക്ഷേത്രദര്‍ശനവും, ദാനകര്‍മ്മാദികളും, ദീനാനുകമ്പയുമായി ദുഷ്ടചിന്തകള്‍ വെടിഞ്ഞ് ഈശ്വരകൃപയ്ക്കായി പ്രാര്‍ത്ഥിക്കുവാനായരുളിയ പൂണ്യജന്മം. കലിയുഗമാകുന്ന ഈ കാലഘട്ടത്തില്‍, ഹോമാദികര്‍മ്മങ്ങളും, തീര്‍ത്ഥാടനവും ദേവപ്രീതിയ്ക്ക് അത്യുത്തമം എന്ന് കരുതി വിശ്വസിച്ചു പോരുന്നു.

കാലപ്രയാണത്തില്‍, ജീര്‍ണ്ണിച്ച ചിന്തകളാല്‍ മനുഷ്യര്‍ പാപം ചെയ്തു മദിയ്ക്കുമ്പോള്‍, പാപഭാരം പേറി പ്രകൃതി കോപത്താല്‍ പേമാരിയും, രോഗങ്ങളും, ദാരിദ്ര്യവും കര്‍ക്കിടകത്തോടൊപ്പം ഭൂമുഖത്ത് വിതച്ചുപോന്നിരുന്നു.  അന്ന് രാമനാമജപങ്ങളും, രാമായണപാരായണവുമായി പൂര്‍വ്വീകര്‍ ദാരഥികളുടെ അനുഗ്രഹാശിസ്സുകള്‍ നേടിയിരുന്നു. ത്രേത്രായുഗത്തില്‍ രാമാവതാരം ചെയ്ത ശ്രീഹരി വിഷ്ണുവിനോടൊപ്പം പാര്‍ശ്വവതാരം ചെയ്ത ദാരരഥികളെ, (ശംഖ്-ഭരതൻ; അനന്തന്‍-ലക്ഷ്മണന്‍; ചക്രം-ശത്രുഘ്നന്‍) അവരവരുടെ ജനന ക്രമത്തില്‍ അതാതു ക്ഷേത്രാംങ്കണത്തിലെത്തി യഥാവിധി ദര്‍ശനം ചെയ്യുന്നത് രാമായണം ഒരാവര്‍ത്തി വായിക്കുന്ന പുണ്യമായി വിശ്വസിച്ചുപോരുന്നു. ശ്രീരാമനാമം സ്ഥിരം ജപിക്കുന്നവരേ വിജയം എന്നും തേടിയെത്തും എന്ന പരമാര്‍ത്ഥം ഇവിടെ അന്വര്‍ത്ഥമാകുന്നു.

ദര്‍ശന ക്രമം:

1. മാമ്മലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രം         0 കി.മീ

2. മേമ്മുറി ഭരതസ്വാമിക്ഷേത്രം              4 കീ.മീ

3. മൂഴിക്കുളം ലക്ഷണസ്വാമിക്ഷേത്രം     12 കി.മീ.

4. മാമ്മലശ്ശേരി ശത്രുഘ്ന സ്വാമിക്ഷേത്രം    7.5 കി.മീ.

തിരികെ വീണ്ടും മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സമാപ്തം (1.5 കി.മീ.)

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

പഴമയുടെ പ്രൗഡിയും, അനുഗ്രഹത്തിന്‍റെ സമ്പത്തും നിറഞ്ഞ മാമ്മലശ്ശേരി ശ്രീരാമസ്വാമിക്ഷേത്രം,  നൂറ്റാണ്ടുകള്‍ പഴക്കമുള്ള എണ്ണപ്പെട്ട രാമക്ഷേത്രങ്ങളിലൊന്നാണ്.  രാമായണത്തിന്‍റെ മര്‍മ്മ പ്രധാനമായ സംഭവം അരങ്ങേറിയത് ഈ ഭൂപ്രദേശത്താണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമ വനവാസക്കാലത്ത് രാവണ മാതുലന്‍ 'മാരീചന്' മോക്ഷം ലഭിച്ച സ്ഥലമാണിതെന്നും വിശ്വസിയ്ക്കപ്പെടുന്നു. സീതാപഹരണത്തിനായ് രാവണ കല്‍പ്പനയാല്‍ മോഹിപ്പിക്കുന്ന രൂപഭംഗിയോടെ സ്വര്‍ണ്ണമാന്‍ രൂപത്തില്‍ മാതുലനായ മാരീചന്‍ സീതാദേവിയുടെ പര്‍ണ്ണ ശാലയ്ക്കരികിലെത്തി.. ദര്‍ശനമാത്രയില്‍ തന്നെ സ്വര്‍ണ്ണമാനില്‍ കൗതുകം പൂണ്ട സീതാദേവി, മാനിനെ പിടിച്ചു നല്‍കുവാന്‍ ശ്രീരാമനോട് അപേക്ഷിച്ചു.  കൈയ്യെത്തുന്ന ദൂരത്തുവന്ന് ആടിയും ഓടിയും മാന്‍, പിന്‍തുടര്‍ന്നെത്തിയ ശ്രീരാമനെ പര്‍ണ്ണശാലയില്‍നിന്ന് ഏറെ ദൂരെയെത്തിച്ചു.  മാന്‍ അന്നു ഓടിക്കളിച്ചുനടന്ന സ്ഥലം ഇപ്പോള്‍ 'മാനാടി' എന്നു പേരുള്ള മാമ്മലശ്ശേരിയിലെ ഒരു പാടശേഖരമാണ്.

ഏറെ വൈകാതെ 'മാന്‍' ആരാണെന്നുള്ള സത്യം ശ്രീരാമന്‍ മനസ്സിലാക്കുകയും ക്രോധത്തോടെ ബാണം പ്രയോഗിയ്ക്കുകയും ചെയ്തു.  രാമ ബാണമേറ്റ് മാന്‍ മലച്ചുവീണ സ്ഥലം 'മാന്‍മലച്ചേരി'യായും പില്‍ക്കാലത്ത് 'മാമ്മലശ്ശേരി'യായും അറിയപ്പെട്ടു.  രാമബാണമേറ്റ്  ചിതറിയ മാനിന്‍റെ മേല്‍ഭാഗം വീണിടം 'മേമ്മുറിയും' കീഴ്ഭാഗം വീണിടം 'കിഴുമുറി' യായും അറിയപ്പെട്ടു.  ഈ രണ്ടു പ്രദേശങ്ങളും മാമ്മലശ്ശേരിയ്ക്കടുത്താണെന്നുള്ളതും ഈ വിശ്വാസത്തിനു വിശ്വാസ്യതയേകുന്നു.

ക്ഷേത്രാങ്കണത്തെ തഴുകിയൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ മറുകരയോടു ചേര്‍ന്ന് ശ്രീ 'തിരുബലി മഹാദേവക്ഷേത്രം' സ്ഥിതി ചെയ്യുന്നു.  വനവാസക്കാലത്ത്, ദശരഥന്റെ ദേഹ വിയോഗം അിറഞ്ഞ രാമലക്ഷ്മണന്മാര്‍ അദ്ദേഹത്തിനുവേണ്ടി ബലി തര്‍പ്പണം ചെയ്ത സ്ഥലമാണിതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

കിഴക്കുദര്‍ശനമായി വട്ടശ്രീകോവിലില്‍ ശിലാവിഗ്രഹത്തില്‍ ശ്രീരാമസ്വാമി ദീനദയാലുവായി  സര്‍വ്വ ഐശ്വര്യങ്ങളുമരുളി കുടികൊള്ളുന്നു.

 

നട തുറക്കുന്ന സമയം:  05.30-  10.00 - 17.30-19.00

കര്‍ക്കിട മാസം           04.00-13:00 - 16.00-20.00

 

വഴിപാടുകള്‍

 സ്വര്‍ണ്ണഗോപി സമര്‍പ്പണം :  ഉദ്ദിഷ്ട കാര്യലബ്ദി, സര്‍വൈശ്വര്യ സിദ്ധി.

  (ശ്രീരാമ സ്വാമിയ്ക്ക്) 

 അമ്പും വില്ലും സമര്‍പ്പണം :  രോഗശാന്തി, കുടുംബൈശ്വര്യ സിദ്ധി

     (ശ്രീരാമ സ്വാമിയ്ക്ക്)

  ഗദസമര്‍പ്പണം :  ജോലിതടസ്സം മാറുവാന്‍,

 (ഹനുമാന്‍സ്വാമിയ്ക്ക്)    വിദേശയാത്രാ തടസ്സം മാറുവാന്‍

അവല്‍ നിവേദ്യം; പാല്‍പ്പായസം, കൂട്ടുപായസം, നെല്‍പ്പറ, കുന്നിക്കുരുപറ

  വിശദവിവരങ്ങള്‍ക്ക് :  04852277520, 9605366121

               

ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍:

എറണാകുളത്തുനിന്ന് - തൃപ്പൂണിത്തുറ - തിരുവാങ്കുളം - ചൂണ്ടി രാമമംഗലം - മാമ്മലശ്ശേരി)

തൃപ്പൂണിത്തുറനിന്ന് - മുളന്തുരുത്തി - പിറവം - മാമ്മലശ്ശേരി

പെരുമ്പാവൂരുനിന്ന് - പട്ടിമറ്റം - ചൂണ്ടി - രാമമംഗലം - മാമ്മലശ്ശേരി

കോതമംഗലത്തുനിന്ന്  - മൂവാറ്റുപുഴ - പാമ്പാക്കുട - അഞ്ചല്‍പ്പെട്ടി - മാമ്മലശ്ശേരി

കോട്ടയത്തുനിന്ന് - ഏറ്റുമാനൂർ - കടുത്തുരുത്തി - പിറവം - മുളക്കുളം - മാമ്മലശ്ശേരി  

 

ശനി, ഞായര്‍  ദിവസങ്ങളില്‍  KSRTC എറണാകുളത്തുനിന്ന് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

 

മേമ്മുറി ഭരതസ്വാമിക്ഷേത്രം

(നാലമ്പലവഴിയിലെ രണ്ടാമത്തെ ക്ഷേത്രം)

(മാമ്മലശ്ശേരി ശ്രീരാമസന്നിധിയില്‍നിന്നും 4 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു)

വനവാസത്തിനുപോയ രാമലക്ഷ്മണന്മാരെ തിരഞ്ഞെത്തിയ ഭരത ശത്രുഘ്നന്മാര്‍ യാത്രാമധ്യേ വലിയൊരു കാട്ടിലകപ്പെടുകയും, പരസ്പരം വേര്‍പെട്ടു പോവുകയും ചെയ്തു.  ഭരതസ്വാമി എത്തിച്ചേര്‍ന്ന് വിശ്രമിച്ച സ്ഥലം 'ഭരതപ്പിള്ളി' എന്നറിയപ്പെടുകയും അവിടെ താമസിച്ചിരുന്നവര്‍ ഭരതസ്വാമിയെ തങ്ങളുടെ രാജാവായി കരുതി വാഴിക്കുകയും ചെയ്തു എന്ന് വിശ്വസിച്ചു പോരുന്നു.  പടിഞ്ഞാട്ടു ദര്‍ശനമായി ചതുരശ്രീകോവിലില്‍ ശിലാവിഗ്രഹത്തില്‍ അനുഗ്രഹാശിസ്സുകളേകി കുടികൊള്ളുന്നു. 

     

നട തുടക്കുന്ന സമയം -05.30-09.00,17.30-19.00

 കര്‍ക്കിടകമാസം -4.30-13.00,17.00-20.00

 

പ്രധാന വഴിപാടുകള്‍

പാല്‍പ്പായസം, നെയ് വിളക്ക് , കദളിപ്പഴ നിവേദ്യം, കൂട്ടുപായസം,

കര്‍ക്കിടക ഔഷധസേവ

വിശദവിവരങ്ങള്‍ക്ക് : 9496091029

 

മുളക്കുളം ശ്രീലക്ഷ്മണ സ്വാമിക്ഷേത്രം

നാലമ്പല വഴിയിലെ മൂന്നാമത് ക്ഷ്രേത്രം 

(ഭരതക്ഷേത്ര സന്നിധിയില്‍നിന്നും 12 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു)

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ഗ്രൂപ്പില്‍പ്പെടുന്ന ക്ഷേത്രം

ചാലക്കുടി പുഴയോരത്തെ ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും ലക്ഷ്മണസ്വാമി നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശ്രീബലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട സ്ഥലമാണ് ഈ ക്ഷേത്രം.  ലക്ഷ്മണസ്വാമി തന്‍റെ കടുത്ത ഉപാസകനായിരുന്ന കരിമലക്കാട്ട് മൂസത് എന്ന ഭക്തന്‍റെ വീട്ടിലാണ് ശിവേലി ബിംബത്തില്‍ എഴുന്നള്ളിയത്.  പില്‍ക്കാലത്ത് മൂസതിന്‍റെ വസതിയോട് ചേര്‍ന്ന് ഇന്നു കാണുന്ന ക്ഷേത്രം പണിയുകയും മൂസതിന്‍റെ കൊട്ടാരം ശ്രീമൂലസ്ഥാനമായി പൂജി ച്ചുപോരുകയും ചെയ്യുന്നു.

വഴിപാടുകള്‍ - പാല്‍പ്പായം, നെയ് വിളക്ക്, കദളിപ്പഴ നിവേദ്യം, കൂട്ടുപായസം

ദേവസ്വംബോര്‍ഡ് അനുശ്ശാസിക്കുന്ന സമയങ്ങളില്‍ ദര്‍ശനം 

പടിഞ്ഞാട്ടു ദര്‍ശനമായി ചതുര ശ്രീകോവിലില്‍ അഭീഷ്ട വരദായകനായി കുടികൊള്ളുന്നു.

 

മാമ്മലശ്ശേരി ശ്രീശത്രുഘ്ന സ്വാമിക്ഷേത്രം

നാലമ്പലവഴിയിലെ നാലാമത് ക്ഷേത്രം.

(മുളക്കുളം ക്ഷേത്ര സന്നിധിയില്‍നിന്നും 7.5 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു)

വനവാസത്തിനുപോയ രാമലക്ഷ്മണന്മാരെ അന്വോഷിച്ചുപോയ ഭരതശത്രുഘ്നന്മാര്‍ യാത്രാമധ്യേ വേര്‍പെട്ടു പോകുകയും, വലിയൊരു കാട്ടിലകപ്പെട്ട ശത്രുഘ്ന സ്വാമിയെ അവിടുത്തുകാര്‍ 'നെടുംകാട്ടുതേവര്‍' എന്നു വിളിച്ച് ആദരിച്ചു.  നെടുംകാട്ടുതേവര്‍ കാലക്രമത്തില്‍ നെടുങ്ങാട്ടുതേവരായി മാറി എന്ന് വിശ്വാസം.  കാലത്തിന്‍റെ കുത്തൊഴുക്കില്‍പെട്ട് ശോച്യാവസ്ഥയിലായ ക്ഷേത്രത്തെ ഉടമസ്ഥര്‍ (നാരക്കാട്ടു മന, മാമ്മലശ്ശേരി) ഇല്ലത്തിനടുത്തുള്ള മറ്റൊരു ക്ഷേത്രാംഗണത്തിലേക്ക് മാറ്റുകയും പഴയ ക്ഷേത്രത്തിന്‍റെ മാതൃകയില്‍ അതേ വസ്തുക്കള്‍ തന്നെ ഉപയോഗിച്ച് ക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. എന്തുകൊണ്ടോ നിര്‍മ്മാണം പൂര്‍ത്തിയായില്ല.  സമീപവാസികള്‍ക്കും നാടിനും ഓരോരോ അനിഷ്ടങ്ങള്‍ സംഭവിച്ചു തുടങ്ങി.  ഒടുവില്‍ ദേവപ്രശ്നത്തില്‍ ഭഗവാന്‍റെ ചൈതന്യം പഴയ സ്ഥാനത്തുനിന്നും മാറിയില്ലെന്ന് മനസ്സിലാക്കി ക്ഷ്രേത്ര ഉടമസ്ഥരും നാട്ടുകാരും ചേര്‍ന്ന് അമ്പലം പഴയപടി അതേ വസ്തുക്കള്‍തന്നെ ഉപയോഗിച്ച് പഴയസ്ഥാനത്ത് പുനര്‍നിര്‍മ്മാണം തുടങ്ങി.  നാട്ടില്‍ സമൃദ്ധിയും സമാധാനവും പുന:സ്ഥാപിക്കപ്പെട്ടു. ക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നു. കിഴക്കോട്ട് ദര്‍ശനമായി ചതുരശ്രീകോവിലില്‍ ശിലാവിഗ്രഹത്തില്‍ സര്‍വ്വ ശത്രുദോഷങ്ങളുമകറ്റി കുടികൊള്ളുന്നു.

 എല്ലാ തിവോണനാളിലും പൂജ, പ്രസാദമൂട്ട്.

കര്‍ക്കിടകമാസം  06.30 - 13.00,  17.00 - 20.00

         

വഴിപാടുകള്‍

ശ്രീചക്ര സമര്‍പ്പണം - കുടുംബത്തില്‍ സന്തോഷവും അഭിവൃദ്ധിയും നിലനില്‍ക്കാന്‍

(ഓലകൊണ്ടുള്ള ശ്രീചക്രം പൂജിച്ച് ഭക്തര്‍ക്ക് നല്‍കുന്നു).

പാല്‍പ്പായസം, നെയ് വിളക്ക്, പാലഭിഷേകം, കരിക്കഭിഷേകം.

                 

 വിശദ വിവരങ്ങള്‍ക്ക്  : 9961193079

 

ശ്രീശത്രുഘ്ന സ്വാമിയെ തൊഴുത്, വീണ്ടും ശ്രീരാമ സന്നിധിയിലെത്തി ശ്രീരാമസ്വാമിയെ വന്ദിക്കുമ്പോള്‍ നാലമ്പല ദര്‍ശനം സമ്പൂര്‍ണ്ണമാകുന്നു.

ദാശരഥികളുടെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Copyright © 2018 by Naalambala Darshanam. All rights reserved